കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്ന പ്രതികള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി.വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്ട്ടിന് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി പ്രതികളെ വിമര്‍ശിച്ചത്.പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ചാക്കിലെ പൂച്ച പുറത്ത് ചാടിയെന്നും കോടതി പരാമര്‍ശിച്ചു.പ്രതികളുടെ ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനും വിചാരണ വൈകിപ്പിക്കരുതെന്ന് കോടതിയില്‍ പറഞ്ഞു.പ്രതികളുടെ ആവശ്യം തള്ളിയ കോടതി കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്റെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മുന്‍പും കേസില്‍ വിചാരണ വൈകിപ്പിക്കുന്നതിനെതിരെ കോടതി പ്രതികളെ വിമര്‍ശിച്ചിരുന്നു. തുടര്‍ച്ചയായി ഹര്‍ജികള്‍ നല്കി വിചാരണ വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞിരുന്നു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ്. കേസില്‍ ദൃശ്യങ്ങളാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.