കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടിക്കെതിരെ പള്‍സര്‍ സുനി കോടതിയില്‍.കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണെന്ന് കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പറഞ്ഞു.കേസിന്റെ വിചാരണ എറണാകുളത്തു തന്നെ നടത്തണമെന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി കോടതിയില്‍ ഹര്‍ജി നല്‍കി.ആക്രമിക്കപ്പെട്ട നടിയെയും സര്‍ക്കാരിനെയും നടിമാരായ ഹണി റോസ്,രചന നാരായണന്‍ കുട്ടി എന്നിവരേയും എതിര്‍കക്ഷികളാക്കിയാണ് സുനില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നിലവില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ സുഗമമായാണ് കേസിന്റെ വാദം നടക്കുന്നത്.മറ്റ് ജില്ലകളിലേക്ക് കേസ് മാറ്റുന്നത് വിചാരണ നീളാന്‍ കാരണമാകും.കേസിലെ പ്രതികളും പ്രധാന സാക്ഷികളും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ വിചാരണ എറണാകുളത്ത് വച്ച് നടത്തണമെന്നാവശ്യപ്പെട്ടാണ് സുനില്‍കുമാറിന്റെ ഹര്‍ജി.
കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യവും സുനിയുടെ അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തുനിന്നുള്ളതെന്ന് പ്രോസിക്യൂഷന്റെ ആരോപിച്ചു.