തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാണ് ധാരണ. വിചാരണ പൂര്‍ത്തിയാക്കാനായി പ്രത്യേക കോടതി ആവശ്യപ്പെടാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പൊലീസ് നല്കിയ അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കൃത്യത്തിന് ശേഷവും ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും ഇതിന് സിനിമാമേഖലയിലെ പല പ്രമുഖരേയും ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. തന്റെ സ്വാധീനമുപയോഗിച്ച് താന്‍ നിരപരാധിയാണെന്ന് ദിലീപ് പ്രമുഖരെക്കൊണ്ട് പറയിപ്പിച്ചതും
നടി ജാഗ്രതപാലിക്കണമായിരുന്നെന്ന് പറയിച്ചതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു. കടുത്ത പ്രതികാര മനോഭാവമായിരുന്നു ഇതിനെല്ലാം കാരണം. താന്‍ നിരപരാധിയാണെന്ന് പൊതു സമൂഹത്തിനുമുന്നില്‍ വരുത്തിത്തീര്‍ക്കാനും ദിലീപ് ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ദിലീപ് വ്യാജ ചികില്‍സാ രേഖയുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതല്‍ 21 വരെ ആലുവയില്‍ ആശുപത്രിയില്‍ ചികില്‍സയിലെന്നാണ് ദിലീപ് അവകാശപ്പെട്ടത്, എന്നാല്‍ ഈ ദിവസങ്ങളില്‍ രാമലീലയുടെ ലൊക്കേഷനില്‍ പലപ്പോഴായി ദിലീപ് ഉണ്ടായിരുന്നു, ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്, വ്യാജ രേഖയുണ്ടാക്കിയത് മനപ്പൂര്‍വ്വമെന്നും കുറ്റപത്രത്തില്‍ പറയുന്നു.