കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ റിമി ടോമിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളാണ് ഫോണിലൂടെ ചോദിച്ചത്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തര്‍ക്കത്തിലേക്കും നയിച്ചത്.
ഇത് സംബന്ധിച്ച് ടിമി ടോമിക്ക് അറിയാവുന്ന കാര്യങ്ങളാണ് അന്ന് പൊലീസ് ചോദിച്ചത്. നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു, സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ, എന്തുകൊണ്ട് വിളിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു, ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത്. റിമി ടോമിയും ദിലീപോ കാവ്യയുമായോ എതെങ്കിലും വിധത്തിലുളള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
റിമി ഉള്‍പ്പെടെ സിനിമാരംഗത്തെ നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് കോടതിയില്‍ അനുമതി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്. മുമ്പ് ഫോണ്‍ മുഖാന്തരം ഇവരോട് അന്വേഷണ സംഘം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങള്‍ റിമിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. അതിനാലാണ് 164 മുഖാന്തരം രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ വിദേശത്ത് നടന്ന ഷോകളുടെ സമയത്ത് ദിലീപിനൊപ്പം റിമി അടക്കമുള്ളവര്‍ ഒരുമിച്ചുണ്ടായിരുന്നു. മൊഴി ഇനി മാറ്റാതിരിക്കാന്‍ കൂടിയാണ് രഹസ്യ മൊഴിക്കായി പൊലീസ് ശ്രമിക്കുക.
അതേസമയം ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.