കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടുകളില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും നടിക്കനുകൂലമായ നീക്കമുണ്ടായിരിക്കുന്നു.എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രചന നാരായണന്‍ കുട്ടി,ഹണി റോസ് എന്നിവരാണ് നടിക്കൊപ്പം കക്ഷി ചേരുന്നത്.വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് കക്ഷി ചേരുന്നത്.ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.നടന്‍ ദീലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ വ്യാപകമായി താരസംഘടനയും പ്രസിഡന്റായ മോഹന്‍ലാലും വിമര്‍ശിക്കപ്പെട്ടിരുന്നു.പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നെങ്കിലും സംഘടനയിലെ ഭൂരിപക്ഷം വനിതാ അംഗങ്ങളും ദിലീപിനെ അനുകൂലിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.
ഇപ്പോള്‍ എഎംഎംഎ എന്ന സംഘടനയുടെ ഭാരവാഹികളായ വനിതകള്‍ തന്നെ ‘നടിക്കൊപ്പം’നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത് നിര്‍ണ്ണായകമാകും.