കോഴിക്കോട്:നടി നിഷാസാരംഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഫ്ളവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ പരമ്പരയുടെ സംവിധായകന് ആര് ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.സമൂഹത്തിന്റെ വിവിധകോണുകളില്‍നിന്നും നിരവധിപേര്‍ നിഷയ്ക്ക് പിന്തുണയുമായി എത്തിയതിനു പിന്നാലെയാണ് വനിതാകമ്മീഷനും വിഷയത്തില്‍ കേസെടുത്തത്.
എഎംഎംഎ,ഡബ്ളിയുസിസി എന്നീ സംഘടനകള്‍ കൂടാതെ ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയും നിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.സംവിധായകന് തന്നോട് മോശമായി പെരുമാറിയെന്നും എതിര്‍ത്തതിനെത്തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയുമായിരുന്നെന്നും നിഷ പറയുന്നു.സെറ്റില്‍ തുടരാനാവാത്ത സാഹചര്യമായിരുന്നെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.അകാരണമായാണ് തന്നെ സീരിയലില്‍ നിന്ന് നീക്കം ചെയ്തെതെന്നും സംവിധായകന് തന്നെക്കുറിച്ച് അപവാദകഥകള്‍ പ്രചരിപ്പിച്ചെന്നും നടി വെളിപ്പെടുത്തിയിരുന്നു.
അതേസമയം നിഷയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നാണ് ഫ്ളവേഴ്സ് ചാനല്‍ അധികൃതര്‍ പറഞ്ഞത്.എന്നാല്‍,സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ സാരംഗ്.
ഉണ്ണികൃഷ്ണനെക്കുറിച്ച് മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.ഫ്ളവേഴ്സ് ചാനലിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടിയാണ് ഉപ്പും മുളകും.