തിരുവനന്തപുരം:ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ട്രാഫിക് പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ് എഫ് ഐ നേതാവ് കീഴടങ്ങി.എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങിയത്.നസീം ഒളിവിലാണെന്നാണ് പോലീസ് പറയുമ്പോള്‍ മന്ത്രിമാരുടെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്ത ചിത്രം മാധ്യമങ്ങളില്‍ വന്നതിനു പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്.
ഒന്നര മാസത്തിന് മുന്‍പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ് എഫ് ഐ നേതാക്കള്‍ നടുറോഡില്‍ മര്‍ദിച്ചത്.എന്നാല്‍ നസീം നിരപരാധിയാണെന്നും പരുക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് നസീമിനെതിരെ മൊഴി കൊടുത്തതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ന്യായീകരിച്ചത്.
പക്ഷെ കഴിഞ്ഞ ദിവസം നസീം യൂണിവേഴ്‌സിറ്റി കോളേജില്‍ മന്ത്രിമാരായ എകെ ബാലനും കെടി ജലീലും പങ്കെടുത്ത പരിപാടിക്കെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ക്ക് അകമ്പടി വന്ന കന്റോമെന്റ് പൊലീസിന് മുന്നിലൂടെയാണ് നസീം പുറത്തേക്കു പോയതും.എന്നാല്‍ പോലീസ് ഇയാളെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.