അട്ടപ്പാടി:പ്രളയത്തിന്റെ ദുരിതമുഖത്തു നില്‍ക്കുന്ന കേരളത്തിന് ഹൃദയത്തോടു ചേര്‍ക്കാന്‍ അട്ടപ്പാടിയില്‍ നിന്നും ഒരു നല്ല കാഴ്ച. ഉള്ളില്‍ ഒരു കുരുന്നു ജീവനും ചേര്‍ത്തുപിടിച്ച് ലാവണ്യ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ താണ്ടി.കരുതലോടെ ലാവണ്യയുടെ കരം പിടിച്ചത് നാട്ടുകാരും ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നുള്ള രക്ഷാദൗത്യസേന. ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പ് കെട്ടിയാണ് ഗര്‍ഭിണിയായ യുവതിയെ ദൗത്യസേന സുരക്ഷിതയായി ഇക്കരെയെത്തിച്ചത്.
ആദ്യം ലാവണ്യയുടെ ഭര്‍ത്താവിന്റെ അമ്മ അറുപതുകാരിയായ പഴനിയമ്മയെ റോപ്പിലൂടെ രക്ഷപ്പെടുത്തി. ലാവണ്യയുടെ ഭര്‍ത്താവ് മുരുകേശന്റെ നെഞ്ചോടു ചേര്‍ത്ത് പൊതിഞ്ഞാണ് ഒന്നരവയസ്സുകാരി മകള്‍ മൈനയെ റോപ്പില്‍ ഭവാനിപ്പുഴ കടത്തിയത്.എട്ടു മാസം ഗര്‍ഭിണിയായ ലാവണ്യയടക്കം ആറംഗങ്ങളുള്ള കുടുംബം പട്ടിമാളം കോണാര്‍ത്തുരുത്തില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. ലാവണ്യക്ക് ആരോഗ്യ പ്രശ്‌ന ങ്ങളുണ്ടാവുകയാണെങ്കില്‍ ചികില്‍സ നല്‍കാന്‍ മെഡിക്കല്‍ സംഘത്തെയും തയ്യാറാക്കിയിരുന്നു.
ഭവാനിപ്പുഴ കൂടാതെ നെല്ലിപ്പുഴ,കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി.അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടേയ്ക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഊരുകള്‍ ഒറ്റപ്പെട്ടുവെങ്കിലും ഇവിടുത്തെ ജനങ്ങള്‍ സുരക്ഷിതരാണ്.