ചെന്നെ:നടി നയന്‍താരയെ പൊതുവേദിയില്‍വച്ച് അധിക്ഷേപിച്ച് സംസാരിക്കുകയും പൊള്ളാച്ചി പീഡനത്തെക്കുറിച്ച് മാന്യതയ്ക്കു നിരക്കാത്ത പ്രതികരണം നടത്തുകയും ചെയ്ത നടന്‍ രാധാരവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെയുടെ പ്രസ്താവനയില്‍ പറയുന്നു.
നയന്‍താരയുടെ ‘കൊലയുതിര്‍ കാലം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് രാധാരവിയുടെ വിവാദ പ്രസംഗം.’നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത്, എംജിആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത്. അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നു.അതിന് കാരണം മറ്റൊന്നുമല്ല തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും.തമിഴ് സിനിമയില്‍ അവര്‍ പിശാചായും അതേസമയം തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കുന്നു.തന്റെ ചെറുപ്പകാലത്ത് കെ ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം’ രാധാ രവി പറഞ്ഞു.
കൂടാതെ പൊള്ളാച്ചിയില്‍ നടന്ന പീഡനം സംബന്ധിച്ചും മോശമായാണ് രാധാ രവി പ്രതികരിച്ചത്.’ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് എന്തും എവിടെയും വച്ച് ആളുകള്‍ക്ക് ഷൂട്ട് ചെയ്യാനാകും.പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു.പക്ഷേ ആളുകള്‍ മറ്റെന്തു കാണും.ഈ കാലത്ത് ബിഗ് ബജറ്റ് സ്മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല.ഒരു സ്മോള്‍ ബജറ്റ് സിനിമ എന്നാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്.ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയില്‍ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്’.രാധാരവി പറഞ്ഞു.
പ്രസംഗത്തിനു പിന്നാലെ രാധാരവിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നത്.വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവന്ന ഈ വൃത്തികെട്ടവനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത് കഷ്ടമാണെന്ന് സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്നേഷ് ശിവന്‍ പ്രതികരിച്ചിരുന്നു.