ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മന്‍മോഹന്‍സിംങും ചടങ്ങില്‍ പങ്കെടുക്കും. രാഷ്ടപതി ഭവനില്‍ നാളെ ഏഴ് മണിക്കാണ് രണ്ടാം മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ ബിംസ്റ്റെക് രാജ്യങ്ങളുടെ തലവന്മാര് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പകരം പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ആയിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു എന്നിവരും 7000ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങ് വീക്ഷിക്കാനെത്തും.
ബംഗാളില്‍ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നറിയിച്ചിരുന്നു.