നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടം തകര്‍ന്നുവീണ് എട്ടു മരണം. ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നു വീണത്. ജോലി കഴിഞ്ഞെത്തിയ ജീവനക്കാരും ചുമട്ടുതൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്. പത്തോളം പേര്‍ക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണു പൊലീസിന്റെ നിഗമനം. ജില്ല കലക്ടറും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.