തിരുവനന്തപുരം:നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ കെ.എല്‍ ആന്റണി 79 അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അച്ഛനായി ആന്റണി ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു.അതേ ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയുടെ അമ്മയായി അഭിനയിച്ചത് ആന്റണിയുടെ ഭാര്യ ലീനയായിരുന്നു.ഇവര്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1952 മുതല്‍ അഭിനയരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ആന്റണി.നാടക രംഗത്ത് പ്രവര്‍ത്തിച്ച ആന്റണി കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടകസമിതി രൂപീകരിച്ചിരുന്നു.നിരവധി പുസ്തകങ്ങളും രചിച്ചിരുന്നു.മക്കള്‍:അമ്പിളി,ലാസര്‍ ഷൈന്‍,നാന്‍സി.