പത്തനംതിട്ട:ശ്രീനഗറില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി ട്രെയിനില്‍ നിന്നും കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശില്‍ കണ്ടെത്തി.മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍ വാസുദേവന്‍നായരുടെ മകനായ അനീഷിന്റെ മൃതദേഹമാണ് ബെതുള്‍ ജില്ലയില്‍ അമല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്.അതേസമയം സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മദ്രാസ് റജിമെന്റില്‍ നായിക് ആയ അനീഷ് മൂന്നാംതീയതിയാണ് ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് തിരിച്ചത്.നാലിന് രാവിലെ 11ന് ഡല്‍ഹിയില്‍ നിന്ന് കേരള എക്സ്പ്രസില്‍ കയറിയ അനീഷ് അന്ന് രാത്രിയാണ് അവസാനമായി വീട്ടുകാരെ ഫോണില്‍ വിളിച്ചത്.പിന്നീട് വീട്ടുകാര്‍ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല.
പിറ്റേന്ന് രാവിലെ അനീഷിനെ കാണാതായെന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറഞ്ഞത്.അനീഷിന്റെ ലഗേജുകള്‍ സീറ്റിലിരിക്കുന്ന വിവരം വീട്ടിലേക്ക് ഒരാള്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റയില്‍വേയുമായി ബന്ധപ്പെട്ട് ലഗേജുകള്‍ ചെങ്ങന്നൂരിലെത്തിച്ച് വീട്ടുകാര്‍ കൈപ്പറ്റുകയായിരുന്നു.
18 വര്‍ഷം മുന്‍പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷിന് രണ്ടര വര്‍ഷം മുന്‍പാണ് കശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.മാര്‍ച്ചിലാണ് അവസാനമായി നാട്ടിലെത്തിയത്.