ലണ്ടന്‍ : വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റേയും മകനും ബ്രിട്ടീഷ് രാജവംശത്തിലെ ഇളമുറക്കാരനുമായ ജോര്‍ജ് രാജകുമാരനുനേരെ ഐഎസ് ഭീഷണി. നാലുവയസുകാരനായ ജോര്‍ജിനെ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐഎസ് ഭീകരര്‍ സമൂഹമാധ്യമമായ ടെലഗ്രാമിലൂടെയാണ് ജോര്‍ജിനെതിരായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കുട്ടിയുടെ ചിത്രവും അതോടൊപ്പം അറബിയില്‍ എഴുതിയ സന്ദേശവും ഉണ്ടെന്ന് ബ്രിട്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയൊച്ചകളുമായി യുദ്ധം കടന്നു വരുമ്പോള്‍ നാം അത് വിശ്വസിക്കാറില്ല. എതിരാളികള്‍ പിന്മാറണം എന്നാണ് നാം എന്നും ആഗ്രഹിക്കുന്നത് എന്നാണ് ടെലഗ്രാമില്‍ പ്രചരിക്കുന്ന സന്ദേശം.

ഈ വര്‍ഷമായിരുന്നു ജോര്‍ജ് തോമസ് ബട്ടേഴ്സി സ്‌കൂളില്‍ പോകുവാന്‍ ആരംഭിച്ചത്. സ്‌കൂളിന്റെ മുന്നില്‍ നിന്നും എടുത്ത രാജകുമാരന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശവും എഴുതി പ്രചരിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലും മറ്റ് എല്ലാ സ്ഥലങ്ങളിലും ജോര്‍ജിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതിനു മുന്‍പ് സ്‌കൂളിലെ ഒരു അധ്യാപിക ജോര്‍ജിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ഇത് വലിയ പ്രശ്നമാവുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം രാജകുമാരന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചുവെങ്കിലും ഇതിനിടക്കാണ് വീണ്ടും ഐഎസിന്റെ ഭീഷണി ഉണ്ടായിരിക്കുന്നത്.