തിരുവനന്തപുരം: ഹാദിയയ്ക്ക് പുറമേ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവുമായും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കൂടിക്കാഴ്ച്ച നടത്തി. നിമിഷയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട പരാതി ബിന്ദു വനിത കമ്മീഷന് കൈമാറി.

മകളെ പരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെ തെളിവും പരാതിയും നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ബിന്ദു കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണം എങ്ങുമെത്തിയില്ലെന്നും നീതി ലഭിച്ചില്ലെന്നും ബിന്ദു പറഞ്ഞു.

അതേസമയം കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതികള്‍ കിട്ടിയതായി അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. ലഭിച്ച പതിനൊന്ന് പരാതികളും ഡിജിപിക്ക് കൈമാറിയതായും അവര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും, മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു മതത്തോടുള്ള സ്നേഹം കൊണ്ടല്ല പല മതംമാറ്റങ്ങളും നടക്കുന്നതെന്നും ഇതിനെതിരെ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും രേഖ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.