തിരുവനന്തപുരം:  ഇന്ധന സര്‍ചാര്‍ജ് ചുമത്തണമെന്ന ആവശ്യവുമായി വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത് നിയമവിരുദ്ധമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗില്‍ വിവിധ വിഭാഗം ഉപയോക്താക്കളുടെ പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. ഒരു യൂണിറ്റ് വൈദ്യുതിക്ക് 14 പൈസ സര്‍ ചാര്‍ജ് ചുമത്തണമെന്ന ആവശ്യവുമായാണ് വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.
2004-ല്‍ റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിനുവേണ്ടി താരിഫ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി  നിലനില്‍ക്കുകയാണ്.
അതിനാല്‍ സര്‍ചാര്‍ജ് വേണമെന്ന ആവശ്യവുമായി വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷനെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് ഉപയോക്താക്കള്‍ വാദിച്ചു.
മുന്‍കൂട്ടി നിശ്ചയിക്കാതെ ജൂണില്‍ റിലയന്‍സില്‍ നിന്ന് 61.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങിയിരുന്നു. ഇക്കാര്യം സര്‍ചാര്‍ജ് വര്‍ധനക്കായി നല്‍കിയ അപേക്ഷയില്‍ ഇല്ലാത്തതെന്തെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് ചോദിച്ചു. നാഫ്ത കെട്ടിക്കിടന്ന്  അപകടമുണ്ടാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടിയതിനാല്‍ തീരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി  ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് നല്‍കുകയായിരുന്നു. ഇതില്‍ 20 കോടിയോളം രൂപയുടെ ലാഭം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബിഎസ്എസിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയതിനാല്‍ 4.18 കോടി രൂപ ഉപയോക്താക്കള്‍ക്ക് തിരിച്ചുനല്‍കണമെന്ന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍  ആവശ്യപ്പെട്ടു. താരിഫ് വര്‍ധനയെ ചോദ്യം ചെയ്ത് വൈദ്യുതി ബോര്‍ഡ് 2004-ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചശേഷം റഗലേറ്ററി കമ്മിഷനില്‍ ഹര്‍ജി നല്‍കണമെന്നും വില കുറഞ്ഞ വൈദ്യുതി വാങ്ങിയതിന്റെ ഗുണം ഉപയോക്താക്കള്‍ക്കു ലഭിക്കണമെന്നും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുവേണ്ടി ഹാജരായ ഡിജോ കാപ്പന്‍ ആവശ്യപ്പെട്ടു.
സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിന് ഉന്നയിച്ച കാരണങ്ങളില്‍ അധിക ചെലവ് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ വൈദ്യുതി ബോര്‍ഡിനോട് റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് ആവശ്യപ്പെട്ടു.