കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു ഹൈക്കോടതി. ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കര്‍ശന നടപടിക്ക് പോലീസിന് നിര്‍ദേശം നല്‍കി.

കണ്ണൂരിലെ ശ്രുതിയുടെ കേസ് പരിഗണിക്കുമ്പോഴാണു പരാമര്‍ശമുണ്ടായത്. ബന്ധുക്കള്‍ തൃപ്പൂണിത്തുറ യോഗ സെന്ററില്‍ പാര്‍പ്പിച്ച കണ്ണൂര്‍ സ്വദേശി ശ്രുതിയെ അനീസ് വിവാഹം ചെയ്തത് ലൗ ജിഹാദായി വ്യാഖ്യാനിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ശ്രുതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ നേരത്തെ തന്നെ കോടതി അനുമതി നല്‍കിയിരുന്നു.

മിശ്രവിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളെ ജിഹാദി എന്നും ഘര്‍വാപസിയെന്നും വിളിക്കുന്നത് ശരിയല്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും പ്രണയത്തിന് അതിര്‍വരമ്പ് നിശ്ചയിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.