പത്തനംതിട്ട:തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരി മല സ്ത്രീപ്രവേശനത്തില്‍ പ്രശ്‌നം കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു.പത്തനംതിട്ട ബസ്റ്റാന്റില്‍ യുവതിയെ സ്ത്രീകളടക്കമുള്ള ഭക്തര്‍ തടഞ്ഞു.ശബരിമലയിലേക്ക് പോകാന്‍ എത്തിയ ചേര്‍ത്തല സ്വദേശി ലിബിയെയാണ് വിശ്വാസികള്‍ തടഞ്ഞത്.എന്തു പ്രതിഷേധമുണ്ടായാലും മല കയറുമെന്ന് തീരുമാനിച്ച യുവതിയെ ഒടുവില്‍ പോലീസ് വാഹനത്തില്‍ പമ്പയിലേക്ക് കൊണ്ടുപോയി.
നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു.തുടര്‍ന്ന് പൊലീസ് ലാത്തി വീശി.സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിച്ചു.സമരപ്പന്തല്‍ പൊളിച്ച് നീക്കി.എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി. അറുപത് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സമരപന്തലിന് സമീപം വിന്യസിച്ചു.എരുമേലിയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പമ്പയില്‍ തന്ത്രികുടുംബം പ്രാര്‍ത്ഥനാസമരം നടത്തുകയാണ്.വിശ്വാസികള്‍ക്കു പിന്തുണയുമായി സര്‍വ്വമത പ്രാര്‍ത്ഥനായജ്ഞവുമായി കോണ്‍ഗ്രസും ഉപവാസവുമായി ബിജെപിയും രംഗത്തുണ്ട്.
കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാദങ്ങള്‍ എന്തായാലും നിയമം നടപ്പാക്കുകയെന്നതാണ് പോലീസിന്റെ ചുമതലയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.