ലണ്ടന്‍:സാമ്പത്തികത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി അറസ്റ്റിലായി.ലണ്ടനിലാണ് നീരവ് മോദി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് നടപടി.അറസ്റ്റിലായ നീരവ്‌മോദിയെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും കോടികള്‍ വെട്ടിപ്പു നടത്തിയ സാമ്പത്തിക കുറ്റവാളിയായ നീരവ് മോദി ലണ്ടനിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ‘ദ ടെലിഗ്രാഫ്’ പത്രം പുറത്തുവിട്ടിരുന്നു. ലണ്ടനിലെ ആഢംബര വസതിയില്‍ താമസിക്കുന്ന നീരവ് മോദി ബിനാമി പേരില്‍ രത്ന വ്യാപാരം തുടങ്ങിയതായും വാര്‍ത്തകള്‍ വന്നു.
നീരവ് മോദിയുടെ 1725. 36 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.കൂടാതെ ഇയാള്‍ കടല്‍ത്തീരം കൈയേറി പണിത മുംബൈയിലെ അലിബാഗിലുള്ള ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു.