ന്യൂഡല്‍ഹി:ബാല വേല ചെയ്യിച്ച കേസില്‍ ഡല്‍ഹി സ്വദേശികളായ ദമ്പതികള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള ശിക്ഷാവിധിയുമായി ഡല്‍ഹി ഹൈക്കോടതി.പ്രതികളായ ദമ്പതികള്‍ നൂറ് മരത്തൈകള്‍ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.1.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഇവരുടെ വീട്ടിലേക്ക് ബാലികയെ ജോലിക്ക് എത്തിച്ചുകൊടുത്ത രണ്ട് ഏജന്റുമാരോട് ദമ്പതികള്‍ നടുന്ന മരങ്ങള്‍ പരിപാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കൂടാതെ ഇവര്‍ 10,000 രൂപ പിഴ അടയ്ക്കുകയും ചെയ്യണം.
പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ മരത്തൈകള്‍ നടണമെന്നാണ് ഉത്തരവ്.മൂന്നര വര്‍ഷം പ്രായമുള്ള ആറ് അടിയെങ്കിലും ഉയരമുള്ള തൈകളാണ് നടേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.പ്രതികള്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡല്‍ഹി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററെയും കോടതി നിയോഗിച്ചിട്ടുണ്ട്.
ബാലവേല ചെയ്യിച്ചതിന് പകരമായി സാമൂഹ്യപ്രവര്‍ത്തനം നടത്താമെന്ന് പ്രതികള്‍ കോടതിയോട് അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് കോടതി ഇത്തരത്തില്‍ ശിക്ഷ വിധിച്ചത്.പ്രതികള്‍ പിഴയടക്കുന്ന തുക ബാലികയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.