നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടി അറസ്റ്റ് ചെയ്തു.എഎസ്ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം നാലായി.
നേരത്തേ അറസ്റ്റിലായ കെഎ സാബുവും സജീവ് ആന്റണിയും റെജിമോനും നിയാസിനുമെതിരെ മൊഴി നല്‍കിയിരുന്നു. രാജ്കുമാറിനെതിരെ മൂന്നാംമുറ പ്രയോഗിച്ചത് റെജിമോനും നിയാസുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത കാലയളവില്‍ നെടുങ്കണ്ടം സ്റ്റേ ഷനില്‍ ജോലിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരുടെയും വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. പോലീസുകാരുടെ മൊഴികളിലെ വൈരുദ്ധ്യവും ഒപ്പം രാജ്കുമാറിന്റെ സാമ്പത്തികത്തട്ടിപ്പിനേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ജൂണ്‍ 21നാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത് രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്.