തിരുവനന്തപുരം:നെടുമങ്ങാട്ട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴുത്ത് ഞെരിച്ചു കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ,ഇവരുടെ സുഹൃത്ത് അനീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് അമ്മ പറഞ്ഞത്.
ഇന്നലെ രാത്രിയാണ് അനീഷിന്റെ വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വഴക്കുണ്ടായതിനെത്തുടര്‍ന്ന് മകള്‍ മുറിയില്‍ കയറി തൂങ്ങി മരിച്ചെന്നും തുടര്‍ന്ന് അനീഷുമായി ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി കൊണ്ടുപോയി അനീഷിന്റെ വീട്ടിനടുത്തെ കിണറ്റില്‍ കല്ലു കെട്ടി താഴ്ത്തിയെന്നുമാണ് മഞ്ജുഷ പോലീസിനു മൊഴി നല്‍കിയത്.എന്നാല്‍ ഇവരുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല.
മകള്‍ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയെന്നും അന്വേഷിച്ച് തിരുപ്പതിയിലെത്തിയതാണെന്നും ഈ മാസം 13 ന് മഞ്ജുഷ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു.എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലാതായതോടെ മഞ്ജുഷയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനീഷിനേയും മഞ്ജുഷയേയും തമിഴ്‌നാട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന് വെളിപ്പെടുത്തിയത്.