തിരുവനന്തപുരം:നെടുമങ്ങാടുനിന്നും കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് 20 ദിവസത്തെ പഴക്കമുണ്ട്.സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഇവരുടെ കാമുകന്‍ അനീഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന മഞ്ജുഷ മകളോടൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇവരുടെ അയല്‍വാസിയാണ് അനീഷ്.ഇടയ്ക്ക് അനീഷും മഞ്ജുഷയും തമിഴ്‌നാട്ടിലേക്കുപോയി. പെണ്‍കുട്ടി ഇവരോടൊപ്പമുണ്ടെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ കുട്ടി ഇവര്‍ക്കൊപ്പമില്ലെന്നു മനസിലായതോടെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കാമുകനേയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലുണ്ടെന്ന് പറഞ്ഞത്.
അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്ന് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നെന്നും ഭയന്ന് തങ്ങള്‍ മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി.ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.