തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ച് തള്ളിയിട്ട് മരണം സംഭവിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തല്‍.
വാഹനമിടിച്ച് പരിക്കേറ്റ സനല്‍ അരമണിക്കൂറോളം റോഡില്‍ ചോരവാര്‍ന്ന് കിടന്നതായും പീന്നീടാണ് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറായതെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുമ്പോള്‍ ആംബുലന്‍സ് വഴിതിരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ സമയം അവസാനിച്ചതിനാല്‍ മറ്റൊരാളെ കയറ്റാനാണ് സ്റ്റേഷനിലേക്ക് പോയതെന്നാണ് വിശദീകരണം.
പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറാണ് നെയ്യാറ്റികര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അപകടവിവരം അറിയിച്ചത്. നെയ്യാറ്റിന്‍കര എസ്.ഐയും ഒരു പാറാവുകാരനും സ്ഥലത്തെത്തുമ്പോള്‍ പരിക്കേറ്റ് സനല്‍ റോഡില്‍ കിടക്കുകയായിരുന്നു.അപ്പോള്‍ ജീവനുണ്ടായിരുന്ന സനല്‍ ഉദ്യോഗസ്ഥരോട് തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം.എന്നാല്‍ ഇത്രയും ഗുരുതരാവസ്ഥയിലുള്ള ആളെയും കൊണ്ട്‌പോയ ആംബുലന്‍സാണ് പൊലീസ് സ്റ്റേഷനിലേക്ക് വഴിതിരിച്ചുവിട്ട് മറ്റൊരു പൊലീസുകാരന്‍ കയറാന്‍ വേണ്ടി സമയം വൈകിപ്പിച്ചത്.തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ പാപ്പനംകോട് വച്ചാണ് സനല്‍ മരിച്ചത്.കൃത്യസമയത്ത് സനലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.