തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ വര്‍ഷങ്ങളായി സമരമിരിക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ.ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്ന് ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐ സമര്‍ത്ഥിക്കുന്നത്.ശ്രീജിവ് ആറ്റിങ്ങലില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അന്വേഷണോദ്യോഗസ്ഥര്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം സിബിഐ അന്വേഷണം ഒത്തുകളിയാണെന്നാണ് സഹോദരന് നീതി വേണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ സമരമിരിക്കുന്ന ശ്രീജിത്ത് ആരോപിക്കുന്നത്.ശ്രീജിവിന്റേത് കൊലപാതകമാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
2014 മേയ് 19 നാണ് മോഷണക്കേസില്‍ പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.21 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ശ്രീജിവ് മരിച്ചു. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ശ്രീജിവ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്.