തിരുവനന്തപുരം:ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന വീട് നഷ്ടപ്പെടുമെന്ന് മനോവിഷമത്താല്‍ അമ്മയും മകളും തീകൊളുത്തി.മകള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.അമ്മ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ചന്ദ്രന്റെ
മകള്‍ വൈഷ്ണവി(19) ആണ് മരിച്ചത്.പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ
ലേഖയുടെ നില അതീവഗുരുതരമാണ്.
നെയ്യാറ്റിന്‍കര കാനറാ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പതിനഞ്ച് വര്‍ഷം മുന്‍പ് കുടുംബം വായ്പയെടുത്തിരുന്നു. പലിശ സഹിതം ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന് വിദേശത്ത് ജോലിയുണ്ടായിരുന്നു.ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാവുകയായിരുന്നു. 2010-ല്‍ വായ്പ മുടങ്ങി.തുടര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തിരുന്നു.വായ്പ തിരിച്ചടവിന് കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നു. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാമെന്നു കരുതിയെങ്കിലും അത് നടന്നില്ല. കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. വീട് നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് അമ്മയെയും മകളേയും ആത്മഹത്യക്കു പ്രേരിപ്പിച്ചത്.മരിച്ച വൈഷ്ണവി ബിരുദ വിദ്യാര്‍ത്ഥിനിയാണ്.