ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്.കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ഇത് നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്.ജയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ പായിപ്പാട് 4.28.96 മിനിറ്റുകള്‍ കൊണ്ടാണ് ഫിനിഷ് ചെയ്തത്.ഇരുപത് ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച മല്‍സരത്തില്‍ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കതില്‍ 4.39.14 മിനിറ്റുകള്‍ കൊണ്ട് രണ്ടാം സ്ഥാനത്തും കുട്ടമംഗലം യുണൈറ്റഡ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി 4.39.54 മിനിറ്റില്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.കൈപ്പുഴമുട്ട് എന്‍ സി ഡി സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ഒന്നാമതെത്തി.വെപ്പ് എഗ്രേഡ് വിഭാഗം മത്സരത്തില്‍ അമ്പലക്കടവനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗം മത്സരത്തില്‍ തുരുത്തിത്തറയും ഒന്നാമതെത്തി.വെപ്പ് ബി ഗ്രേഡില്‍ പി ജി കരിപ്പുഴയും ചുരുളനില്‍ കോടിമതയും ഇരുട്ടുകുത്തി ബി ഗ്രേഡില്‍ തുരുത്തിപ്പുറവും ഇരുട്ടുകുത്തി സി ഗ്രേഡില്‍ ചെറിയപണ്ഡിതനും ജേതാക്കളായി.തെക്കനോടി വനിതകളുടെ വിഭാഗത്തില്‍ കമ്പനിയും തെക്കനോടി വനിതകളുടെ തറവള്ളം വിഭാഗത്തില്‍ ദേവാസും ജേതാക്കളായി.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വള്ളംകളി ഉദ്ഘാടനം ചെയ്തു.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.മന്ത്രിമാരായ ടിഎം തോമസ് ഐസക്,ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും സന്നിഹിതരായിരുന്നു. എല്ലാവര്‍ഷവും ഓഗസ്റ്റില്‍ നടക്കുന്ന വള്ളംകളി ഇത്തവണ പ്രളയത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.