തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്നും നേതാക്കള്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്നുമുള്ള ശശി തരൂരിന്റെ പരാതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു. മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലായില്‍ കെ.എം മാണിയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോഴാണ് ആന്റണി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തത്.മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ചോരാതിരിക്കാന്‍ കര്‍ശനമായി ഇടപെടല്‍ വേണമെന്നും സംസ്ഥാന നേതൃത്വത്തിന് ആന്റണി നിര്‍ദ്ദേശം നല്‍കി.
പ്രവര്‍ത്തനങ്ങളില്‍ ചില നേതാക്കള്‍ പിന്നാക്കം പോകുന്നുവെന്ന തരൂരിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടോയെന്നറിയാന്‍ ഹൈക്കമാന്‍ഡ് രഹസ്യനിരീക്ഷണത്തിന് ആളെ നിയോഗിച്ചെന്നാണറിയുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനാണ് ശശി തരൂര്‍ പരാതി നല്‍കിയത്.
ജില്ലയിലെ പ്രധാന നേതാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രധാന നേതാക്കളെ മണ്ഡലത്തില്‍ പലപ്പോഴും കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നുമാണ് തരൂര്‍ പരാതിയില്‍ പറയുന്നത്. തരൂരിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം പോയതിനു പിന്നില്‍ വിഎസ് ശിവകുമാറാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണവും വ്യക്തിഹത്യയുമാണെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
നേരത്തേ ശിവകുമാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും സ്വന്തം വീടിന്റെ മതിലില്‍ വരച്ച കൈപ്പത്തി ചിഹ്നം മായ്ച്ച് താമര വരച്ചുചേര്‍ക്കുകയും ചെയ്തു. ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും കല്ലിയൂര്‍ മുരളി വെളിപ്പെടുത്തിയിരുന്നു.തരൂര്‍ തോറ്റാല്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന് ജില്ലാ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.