[author ]കെ.എല്‍ മോഹനവര്‍മ്മ[/author]ഒരു വര്‍ഷം മുമ്പാണ്, ക്യത്യമായി പറഞ്ഞാല്‍ 2016 നവംബര്‍ 9 ന് ഭാരതസര്‍ക്കാര്‍ തികച്ചും അപ്രതീക്ഷിതവും അതേസമയം വ്യവസ്ഥാപിത സാമ്പത്തിക അനുമാനങ്ങളില്‍ പലരും പലപ്പോഴും ഭാവിയില്‍ സാമൂഹ്യനീതിയുടെയും താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനും ആവശ്യമായ ഇന്‍പുട്ട് നല്‍കുമെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ ഇന്ത്യയെപ്പോലെയുള്ള അര്‍ദ്ധവികസിത രാഷ്ട്രത്തിന് പോയിട്ട് വന്‍ വികസിത മുതലാളിത്തരാഷ്ട്ട്രങ്ങള്‍ക്കു പോലും പ്രായോഗികമായി അസാദ്ധ്യമായിരിക്കുമെന്നും പ്രവചിച്ചിട്ടുള്ള ഒരു തീരുമാനമെടുത്തു. മോദിജിയുടെ പെഴ്‌സണല്‍ അജണ്ട എന്നു പോലും സംശയിക്കത്തക്ക അതീവ രഹസ്യമായായിരുന്നു ആ തീരുമാനം. വളരെ ധീരമായി നോട്ടു നിരോധനം അനൗണ്‍സ് ചെയ്തു, നടപ്പാക്കി.
അനവധി ആകര്‍ഷകമായ പൊടിപ്പും തൊങ്ങലും ചേര്‍ത്ത എല്ലാവരെയും ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളും മുദ്രാവാക്യങ്ങളും മോമ്പൊടികളും ഒപ്പം കണക്കുകളും കാട്ടിയിരുന്നെങ്കിലും മോദിജിക്കുതന്നെ നമ്മെക്കാള്‍ നന്നായി അറിയാമായിരുന്നു, താനെടുക്കുന്ന ഈ തീരുമാനം രാജ്യത്തിലെ ഓരോ വ്യക്തിയ്ക്കും പ്രായോഗികതലത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അത് തന്റെ വോട്ട് ബാങ്കിനെ ബാധിക്കുമെന്നും. പക്ഷെ സോഷ്യല്‍ മീഡിയായും പത്ര ടെലിവിഷന്‍ മാദ്ധ്യമങ്ങളും ഇഫക്ടീവായി ഗൈഡ് ചെയ്യപ്പെടാനുള്ള സാങ്കേതിക മിഴിവും സൗകര്യവും സാധാരണക്കാരന് പൊതുവെ അനുഭവപ്പെടുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌ക്കാരിക നേട്ടങ്ങളും താത്വികമായി ഈ ആശയത്തോട് എതിര്‍പ്പു കാട്ടാന്‍ ആയുധമോ ഐക്യമോ ഇല്ലാത്ത പ്രതിപക്ഷവും വെറും ജാതിപ്പോരിന് സാമ്പത്തികനേട്ടത്തെക്കാള്‍ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന ലളിതമായ തിരിച്ചറിവും പ്രധാനമന്ത്രിക്ക് ധൈര്യം നല്‍കിയിരിക്കണം. അദ്ദേഹം അത് ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഈ അനുമാനം ശരിയാകുന്ന മട്ടിലാണ് ഇന്നത്തെ വാര്‍ത്തകള്‍. ഗുജറാത്ത് അസംബഌ തെരഞ്ഞെടുപ്പു വരുന്നു. ഏറെക്കാലമായി ഗുജറാത്ത് ഭരിച്ചു കൊണ്ടിരിക്കുന്ന ബിജെപി പ്രതിക്കൂട്ടിലാണ്. ഗുജറാത്ത് കച്ചവടക്കാരുടെയും ബിസിനസ്സുകാരുടെയും വ്യവസായികളുടെയും നാടാണ്. മിലിട്ടറിയിലോ സിവിള്‍ സര്‍വീസിലോ ഗുജറാത്തിലെ മിടുക്കരായ യുവാക്കള്‍ പോകാറില്ല. വലുതും ചെറുതും കച്ചവടം. സ്വന്തം കട. സ്ഥാപനം. ഈ സാധാരണ സ്വയം തൊഴില്‍ കാരുടെ ഇടയില്‍ ബി ജെ പിക്ക് ശക്തമായ വോട്ട് ബാങ്കുണ്ട്. ഡി മോണിട്ടൈസേഷനും, ഏകീക്യത ടാക്‌സ്‌നിയമവും ഏറ്റുവുമധികം പ്രതികൂലമായി ബാധിച്ചതും നിലവിലുണ്ടായിരുന്ന പാരലല്‍ ഇക്കോണമിയെ പിടിച്ചുലച്ച് മിക്കവര്‍ക്കും വ്യക്തിപരമായി നഷ്ടം വരുത്തിയതും ഇക്കൂട്ടരെയാണ്. തീര്‍ച്ചയായും ഇവരുടെ എതിര്‍പ്പിനെ ക്രോഡീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ബി ജെ പി.യുടെ ഗുജറാത്തിലെ അപ്രമാദിത്വത്തെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളു.
പക്ഷെ എന്താണ് നാം കാണുന്നത്. ഗുജറാത്തിലെ ഇന്നത്തെ പ്രഗത്ഭരായ മൂന്നു യുവരാഷ്ട്രീയ നേതാക്കളുടെ കാര്യം നോക്കൂ. ഇവര്‍ വോട്ടു നേടാന്‍ ശക്തിയുള്ളവരാണ്. പക്ഷെ ഇവിടെയാണ് നാം ഇന്ത്യന്‍ ജനാധിപത്യത്തിലെയും രാഷ്ട്രീയത്തിലെയും ഏറ്റവും ദു:ഖകരമായ സ്ഥിതി കാണുന്നത്.
ജിഗ്‌നേഷ് മേവാനി, ദലിത് നേതാവ്, അല്‍പേഷ് താക്കുര്‍, ഓ ബി സി നേതാവ്, ഹര്‍ദിക്ക് പട്ടേല്‍, പട്ടേല്‍ ജാതി നേതാവ്, മൂന്നുപേരും മിടുക്കരാണ്. നേത്യത്വ പാടവമുള്ളവരാണ്. പക്ഷെ ഇവര്‍ പുതിയ ഇന്ത്യന്‍ യുവത്വത്തിനെ ഉണര്‍ത്തുന്ന വികസനം, ടെക്‌നോളജി, ഗ്ലോബലൈസേഷന്‍, വിദ്യാഭ്യാസ ആരോഗ്യമേഖലകളുടെ ആധുനികവത്ക്കരണം തുടങ്ങിയ മേഖലകളെക്കുറിച്ച് യാതൊരു കാഴ്ച്ചപ്പാടും നല്‍കുന്നില്ല എന്നു മാത്രമല്ല, അവയൊന്നും ഒരു പ്രശ്‌നമേയല്ല എന്ന മട്ടിലാണ് നീങ്ങുന്നത്. അവരുടെ ഏക അജണ്ട അവരുടെ ജാതിക്ക്, ജാതിക്കൂട്ടായ്മക്ക് കൂടുതല്‍ സംവരണം വേണം. സംവരണമില്ലാത്ത വര്‍ക്ക് സംവരണം വേണം. ഉള്ളവര്‍ക്ക് സംവരണശതമാനം കൂട്ടണം. ഇത് ഒരു അപകടകരമായ പ്രവണതയാണ്.
മതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തില്‍ ആത്മീയതയും ആചാരവും മനശ്ശാന്തിയും താത്വികതയും ഘടകങ്ങളാണ്. ഇന്ത്യ അവയെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന മതേതര രാഷ്ടങ്ങളില്‍ മുന്‍പന്തിയിലാണ്. നാം മതേതരരാണ്. പക്ഷെ ജാതിയേതരരല്ല. ഈ ജാതി അടിസ്ഥാനമാക്കിയ നീക്കം വരുത്തുന്ന അപകടം നാം ഇന്നു കാണുന്നതിനെക്കാള്‍ നൂറിരട്ടി ആയിരിക്കും. മതം മാറാം. പക്ഷെ ജാതി മാറാനൊക്കുകയില്ല.
ഇടയ്ക്ക് ചില ജാതി മാറുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന മറ്റു ജാതിക്കാരെ ബ്രാഹ്മണരാക്കുന്ന പരിപാടി കാണാറുണ്ട്. അത് വാസ്തവത്തില്‍ ക്ഷേതങ്ങളിലെ പൂജാരിപ്പണിയിലെ റിസര്‍വേഷനപ്പുറം കാണേണ്ട സാമൂഹ്യ വിപ്ലവമൊന്നുമല്ല.
ജാതി നമ്മുടെ ഇന്ത്യയുടെ സ്വന്തം സാമൂഹ്യപ്രതിഭാസമാണ്. മതത്തില്‍നിന്നും വ്യത്യസ്തം. ഹിന്ദുമതത്തിലെ ഈ ജാതി ഹിന്ദു മതത്തില്‍ നിന്നു മതം മാറിയ മറ്റു മതസ്തരിലും അദ്യശ്യമായി നിലനില്‍ക്കുന്നു എന്നത് വെറും സത്യമാണ്.
രാഷ്ട്രീയമായി ഇതിനെ നേരിടാന്‍ ഇന്ന് ഇന്ത്യയിലെ ജനാധിപത്യ ശക്തികള്‍ക്കു കഴിയുമോ? കഴിയണം. നമുക്കു കാത്തിരിക്കാം.