ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍, നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റിസര്‍വ്വ് ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു നോട്ട് നിരോധനമെന്നും സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് ആരോപിച്ചു. വ്യവസായ രംഗത്തും മറ്റ് മേഖലകളിലും നോട്ട് നിരോധനം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ സാമ്പത്തിക സൂചകങ്ങള്‍ക്ക് പോലും വ്യക്തമാക്കാന്‍ കഴിയാത്തവയായിരുന്നു.

ഇനിയെങ്കിലും രാഷ്ട്രീയം മാറ്റിവെച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു വേണ്ടി പരിശ്രമിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടു. താറുമാറാക്കിയ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ചെറുകിട വ്യവസായങ്ങള്‍ വളര്‍ച്ച പ്രാപിക്കേണ്ടതും കാര്യക്ഷമത കൈവരിക്കേണ്ടതും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് പ്രധാനമാണെന്നും മന്‍മോഹന്‍സിംഗ് കൂട്ടിച്ചേര്‍ത്തു.