തിരുവനന്തപുരം: കടല്‍ക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ കേരളതീരത്ത് ജാഗ്രതാനിര്‍ദേശം. ശ്രീലങ്കയുടെ തെക്കുകിഴക്ക് രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാകും.രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവാനും സാധ്യതയുണ്ട്. കടലില്‍ മല്‍സ്യബന്ധനത്തിനു പോയവര്‍ തിരികെ വരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് കാ രണമാകുന്നത്.ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗം കൈവരിക്കാം. തമിഴ്നാട് തീരത്ത് 40-50 കിലോമീറ്റര്‍ വേഗത്തിലാകും.30-ന് ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.ന്യൂനമര്‍ദം ചുഴലിക്കാറ്റായാല്‍ ‘ഫാനി’ എന്ന് വിളിക്കും.