തൃശൂര്‍:ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ
എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.സംഭവത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാരിന്റേയും പൊലീസ് അധികാരികളുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-

ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമാണ്.

നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയത്.

നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പോലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നു.

സംഭവത്തില്‍ എത്രയും വേഗം സര്‍ക്കാരിന്റെയും, പോലിസ് അധികാരികളുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണം.
അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് പോകും.

അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ വസതിയിലെത്തി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.