രജനി ഒരു നടനെന്നതിലുപരി ഒരു വികാരമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദര്‍ബാറിലൂടെ. പോയ വര്‍ഷത്തെ പൊങ്കലിന് കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലൂടെ നല്‍കിയതിന്റെ പതിന്മടങ്ങ് മാസ് ആയിട്ടുള്ള ഫാന്‍സ് ഫെസ്റ്റിവല്‍ ആണ് ഹിറ്റ്‌മേക്കര്‍ മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍. വര്‍ഷങ്ങള്‍ക്കു ശേഷം രജനി പോലീസ് വേഷത്തിലെത്തുന്ന ചിത്രം തൊണ്ണൂറുകളിലെ സൂപ്പര്‍സ്റ്റാറിനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ആദിത്യ അരുണാചലത്തെ മുംബൈസിറ്റിയുടെ കമ്മീഷണര്‍ ആയി നിയമിക്കുന്നത് ലഹരി മരുന്ന് മാഫിയയുടെ പിടിയില്‍ നിന്നും രാജ്യത്തിന്റെ വാണിജ്യതലസ്ഥാനത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ്. എതിരാളികള്‍ക്കു നേരെ കലിതുള്ളി പാഞ്ഞടുക്കുന്ന ആദിത്യ അരുണാചലത്തിന്റെ യാത്രയിലൂടെയാണ് ദര്‍ബാര്‍ കരുത്താര്‍ജ്ജിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായി നടക്കുന്ന കഥയില്‍ തനത് മാനറിസങ്ങളുമായി രജനി നിറഞ്ഞു നില്‍ക്കുന്നുണ്ട്. സ്റ്റൈല്‍ മന്നന്റെ ചടുലന്‍ നൃത്തച്ചുവടുകളും ആക്ഷന്‍രംഗത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമെല്ലാം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ മകളായി അഭിനയിച്ച മലയാളികൂടിയായ നിവേദ തോമസ് തന്റെ കഥാപാത്രം ഭംഗിയായി ചെയ്തിട്ടുണ്ട്. അരുണാചലവും മകളുമായുള്ള ചില വൈകാരിക രംഗങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. എന്നാല്‍ നായികയായ നയന്‍ താരയ്ക്ക് ചിത്രത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അഭിനയപ്രാധാന്യമുള്ള ഒരു സീനുപോലും അവര്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടിട്ടില്ല. വില്ലനായി സുനില്‍ ഷെട്ടി മികച്ചു നിന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ആഴമില്ലാത്തത് ചിത്രത്തില്‍ നിഴലിച്ച് നില്‍ക്കുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ കൗണ്ടര്‍ അടിക്കുന്ന യോഗി ബാബുവിന്റെ അഭിനയവും, ടൈമിംഗും പെര്‍ഫെക്ടാണ്. ചിത്രം ആദ്യം പകുതി മികച്ച രീതിയില്‍ അവസാനിച്ചെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ അതേ പഞ്ച് നിലനിര്‍ത്താനായിട്ടില്ല. മാത്രമല്ല കാലഹരണപ്പെട്ട വില്ലന്‍-ഹീറോ കഥയും, പതിവ് ആഖ്യാനരീതിയും ഒരു നെഗറ്റീവ് ആയി കണക്കാക്കാം. എന്നാല്‍ അതിനയെല്ലാം തന്റെ സാന്നിധ്യം  കൊണ്ട് നികത്തുവാന്‍ രജനിക്ക്  സാധിക്കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ഒരുക്കിയ ക്യമറകാഴ്ചകള്‍ മികച്ചു നില്‍ക്കുന്നു പ്രത്യേകിച്ചും കൈമാക്‌സ് സംഘട്ടന  രംഗങ്ങളില്‍. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും, അരുണാചലത്തിന്റെ തീം സ്‌കോറുമെല്ലാം പ്രത്യേക അനുഭവമാകുന്നുണ്ട്. മൊത്തത്തില്‍ ആരാധകരില്‍ ആവേശം നിറയ്ക്കുന്ന ഒരു പൊങ്കല്‍ ട്രീറ്റാണ് ദര്‍ബാര്‍. തന്റെ എനര്‍ജിയും സ്‌റ്റൈലും തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് രജനി ദര്‍ബാറിലൂടെ വീണ്ടും .തെളിയിക്കുകയാണ്.