ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത പറയുന്നത് കേള്‍ക്കുമ്പോള്‍ ദു;ഖമുണ്ടെന്ന് സുപ്രീം കോടതി. പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടത്തിയിട്ടുള്ളവ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് തലസ്ഥാനത്തെ പടക്കവില്‍പ്പനക്കാരായ ഒരു സംഘം വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ല. നിരോധനത്തില്‍ ഇളവ് വരുത്തില്ല. ഇത് ഒരു പരീക്ഷണമാണ്. ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

നിരോധനത്തിന് ഇളവ് വേണമെന്നും ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച സ്‌റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാതെ വരുമെന്നും വ്യാപാരികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. എന്നാല്‍ മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി.

നവംബര്‍ ഒന്ന് വരെയാണ് ഡല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്, യോഗ ഗുരു രാംദേവ് തുടങ്ങിയവരുടെ പ്രസ്താവനകള്‍ ശ്രദ്ധേയമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമര്‍ശം.