[author image=”http://veekshanamonline.media/wp-content/uploads/2017/10/ramesh-chennithala.jpg” ] രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്‌[/author]അത്യപൂര്‍വ്വമായ ഒരു അനുഭവമാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട്ടെ ഉപ്പളയില്‍ നിന്ന് ആരംഭിച്ച യാത്രയക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ സ്വീകരണം രോമാഞ്ചമുണ്ടാക്കുന്നു.

പതിനായിരങ്ങളാണ് ഓരോ പോയിന്റിലും യാത്രയെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നത്. ആവേശം അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. ജനങ്ങള്‍ ജാഥയെ നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു.  അത്യപൂര്‍വ്വമായ ഒരു അനുഭവമാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹത്തിനും ജനവഞ്ചനയ്ക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള പടയൊരുക്കത്തിനായി കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട്ടെ ഉപ്പളയില്‍ നിന്ന് ആരംഭിച്ച യാത്രയക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ സ്വീകരണം രോമാഞ്ചമുണ്ടാക്കുന്നു. പതിനായിരങ്ങളാണ് ഓരോ പോയിന്റിലും യാത്രയെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നത്. ആവേശം അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. ജനങ്ങള്‍ ജാഥയെ നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു.

യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പടയൊരുക്കം ജാഥ ഏഴ് ജില്ലകള്‍ പിന്നിട്ട് മധ്യകേരളത്തിലെത്തിനില്‍ക്കുമ്പോള്‍ കേരള രാഷ്ട്രീയം വലിയൊരു ദിശാമാറ്റത്തിന്റെ പടിവാതില്‍ക്കലാണ്. നരേന്ദ്ര മോദി- പിണറായി സഖ്യം നേതൃത്വം നല്‍കുന്ന ഭരണകൂട വാഴ്ചക്കെതിരെയുള്ള ഈ ദിശാമാറ്റത്തിന്റെ ചാലക ശക്തി മറ്റാരുമല്ല, കേരളത്തിലെ ജനങ്ങള്‍ തന്നെയാണ്.

ഇടതു കോട്ടകള്‍ എന്നൊക്കെ വിളിച്ചിരുന്ന വടക്കന്‍ കേരളത്തിലെ പല നിയോജകമണ്ഡലങ്ങളിലും പടയൊരുക്കത്തെ സ്വീകരിക്കാന്‍ ജനങ്ങള്‍ അറബിക്കടല്‍ പോലെ ആര്‍ത്തിരമ്പി വന്നത്  ഞങ്ങളെയെല്ലാം വിസ്മയിപ്പിച്ചു. ഇപ്പോള്‍ പടയൊരുക്കം യു.ഡി.എഫിന്റേതല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധ മുന്നേറ്റമാണ്. ഞങ്ങള്‍ അതിനെ നയിക്കുന്നുവെന്ന് മാത്രം.
സി.പി.എമ്മിനും, ബി.ജെ.പിക്കുമെതിരെ ജനപക്ഷത്ത് നിന്ന് പുതിയ രാഷ്ട്രീയ ബദല്‍സൃഷ്ടിക്കാനും വര്‍ഗീതയക്കും, അക്രമ രാഷ്ട്രീയത്തിനും, വികസന മുരടിപ്പിനും,  അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമതിരെ രാഷ്ട്രീയ- സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിടാനും  പടയൊരുക്കത്തിലൂടെ ഞങ്ങള്‍ക്ക് കഴിയുന്നു എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്.   ഐക്യജനാധിപത്യമുന്നണിയില്‍ നിന്ന് ഇത്തരത്തിലാരു സമരാഹ്വാനം കേള്‍ക്കാന്‍ ജനങ്ങള്‍ കാത്തിരുന്നത് പോലെയാണ് പിന്നിട്ട ഏഴ് ജില്ലകളില്‍  ലഭിച്ച സമാനതകളില്ലാത്ത സ്വീകരണങ്ങളില്‍ ജനങ്ങളുടെ ആവേശം അലയടിക്കുന്നത്. കോണ്‍ഗ്രസിന്റെയും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും   ജനതാദളിന്റെയും, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെയും, സി.എം.പിയുടെയും, ആര്‍.എസ്.പിയുടെയും ഫോര്‍വേര്‍ഡ് ബ്‌ളോക്കിന്റെയും ആഭിമുഖ്യത്തില്‍ യു.ഡി.എഫിന്റെ ഉശിരന്‍ പ്രവര്‍ത്തകര്‍ ഉല്‍ക്കടമായ ആവേശത്തോടെ പടയൊരുക്കത്തിന്റെ ആത്മാവും, ജീവനുമായി മാറിയപ്പോള്‍ ഈ പ്രതിഷേധമാര്‍ച്ച് കേവലം ഒരു രാഷ്ട്രീയമായ പ്രക്രിയ എന്നതിലുപരി  ഒരു സാമൂഹ്യ മുന്നേറ്റമായി മാറി. നരേന്ദ്ര മോദിയുടെ വര്‍ഗീയ ജനവിരുദ്ധ നയങ്ങളെയും,അതിസമ്പന്നര്‍ക്ക്  വേണ്ടി മാത്രമുളള  നോട്ടു  നിരോധനം അടക്കമുള്ള നടപടികളെയും പാടെ എതിര്‍ക്കുകയും, ജനങ്ങളെ അണിനിരത്തി അത്തരം നയങ്ങളെയും നടപടികളെയും,  പരാജയപ്പെടുത്തുന്നതിനോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ളതാണ്  കേരളത്തില്‍ അഴിമതിക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും വേണ്ടി മാത്രമുള്ള  സി.പി.എം ഭരണത്തിനെതിരെയുള്ള ജനകീയ പ്രതിരോധ നിരയെ വാര്‍ത്തെടുക്കുക എന്നതും. ഈ രണ്ടു  ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ ജനങ്ങള്‍ യു.ഡി.എഫിനെ ഉറ്റുനോക്കുന്നുവെന്നതാണ് പടയൊരുക്കത്തിനൊപ്പം അണി ചേരുന്ന ലക്ഷങ്ങളുടെ സജീവ പങ്കാളിത്തം വ്യക്തമാക്കുന്നത്.

എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചു കൊണ്ടും അവരുമായി സംവദിച്ചു കൊണ്ടുമാണ് പടയൊരുക്കം മുന്നോട്ട് പോകുന്നത്. എല്ലാ ജില്ലകളിലും സാംസ്‌കാരിക നായകന്‍മാര്‍, പൗരപ്രമുഖര്‍, കലാകാരന്‍മാര്‍, വ്യാവസായിക- വാണിജ്യ- പ്രൊഫഷണല്‍ രംഗത്തെ പ്രമുഖര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവരുമായി സംസാരിച്ചും ആശയങ്ങള്‍ പങ്കുവച്ചുമാണ് പടയൊരുക്കം മുന്നോട്ട് പോകുന്നത്.  എം.ജി.എസ് നാരായണനും, കൈതപ്രവും മുതല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ സ്വന്തമായി വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത കണ്ണൂര്‍ സ്വദേശി ജവാദ് വരെ നമ്മുടെ സമൂഹത്തിന്റെ പരിഛേദവുമായി  സംവദിക്കാന്‍ കഴിഞ്ഞു. ഉസ്താദ് ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഏക ശിഷ്യനും ബാംസുരി വാദകനുമായ  ഉസ്താദ് ഹസന്‍ ഭായിക്ക് വീടുവയ്ക്കാന്‍ കെ.പി.സി.സിയുടെ ഗാന്ധിഗ്രാം ഫണ്ടില്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുമായും, ആദിവാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവരുമായും സംസാരിക്കാനും, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു.

മുക്കത്ത് ഗെയില്‍ വാതക  പൈപ്പ് ലൈനിനെതിരെ സമരം ചെയ്ത നാട്ടുകാരെ അതിക്രുരമായി പൊലീസ് തല്ലിച്ചതക്കുകയും,  ഭീകരവാദികളെന്ന് വിളിച്ച് കള്ളക്കേസുകളില്‍ കുടുക്കി  ജയിലില്‍ ഇടുകയും ചെയ്ത ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്താനും ശക്തമായി പ്രതിഷേധിക്കാനും ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കാനും പടയൊരുക്കം ജാഥയ്ക്ക് കഴിഞ്ഞു. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ ജാഥാ ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ നേരിട്ട് വീടുകളില്‍ ചെന്ന് കാണുകയുണ്ടായി. ഗെയില്‍ പ്രശ്‌നത്തില്‍ സമരനേതാക്കളുമായി ചര്‍ച്ചയിലേക്കും അനുരഞ്ജനത്തിന്റെ പാതയിലേക്കും സര്‍ക്കാരിനെ കൊണ്ടു വരാന്‍ കഴിഞ്ഞത് പടയൊരുക്കത്തിന്റെ നേട്ടമാണ്.

നവംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടന്ന വടക്കന്‍ മേഖല റാലി അക്ഷരാര്‍ത്ഥത്തില്‍ അറബിക്കടല്‍ കരകവിഞ്ഞൊഴുകിയ പ്രതീതിയാണ് സൃഷ്ടിച്ചത്. എല്ലാവരുടെയും കണക്ക് കൂട്ടല്‍ തെറ്റിച്ച് ലക്ഷങ്ങളാണ് കടല്‍പ്പുറത്തേക്ക് ഒഴുകിയെത്തിയത്. സമ്മേളനം  ഉദ്ഘാടനം ചെയ്ത  പാണക്കാട് ഹൈദരലി ശിഹാബ്  തങ്ങള്‍ സി.പി.എമ്മും- ബി.ജെ.പിയും തമ്മില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന രഹസ്യ ബാന്ധവത്തെ തുറന്ന് കാട്ടുകയും, ആര്‍.എസ്.എസിന്റെ വിശ്വസ്തനായ സുഹൃത്തായി കേരളത്തിലെ സി.പി.എം മാറുകയും ചെയ്ത കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.

പാലക്കാട് പതിനായിരങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനം ഉദ്ഘാടന ചെയ്ത പോണ്ടിച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി നോട്ടു നിരോധനമെന്ന  വിഡ്ഡിത്തം കാണിച്ച പ്രധാന മന്ത്രിയെ കണക്കറ്റ് പരിഹസിച്ചു. തൃശ്ശൂരില്‍ മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചൗഹാനാണ് പടയൊരുക്കത്തിന് ആവേശം പകരാനെത്തിയത്.

കായല്‍ കയ്യേറ്റക്കാരന്‍ തോമസ് ചാണ്ടിക്ക് നാണംകെട്ട് മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കേണ്ടി വന്നതാണ് പടയൊരുക്കം ജാഥക്കിടയിലുണ്ടായ മറ്റു പ്രധാനസംഭവ വികാസം. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കോണ്‍ഗ്രസും മറ്റ് യു.ഡി.എഫ് ഘടക കക്ഷികളും സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രിന്റെയും യു.ഡി.എഫിന്റെയും  പ്രവര്‍ത്തകര്‍ പൊലീസുമായി നിരവധി തവണ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തോമസ് ചാണ്ടിക്കെതിരെ ജനരോഷം അലയടിച്ചിട്ടും ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിച്ച് മുന്നേറിയ  തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ അവസാന നിമിഷം വരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  ശ്രമിച്ചു എന്നത് ജനാധിപത്യത്തോടുള്ള അവഹേളനമായി. ഇടതു മുന്നണിയുടെ കെട്ടുറപ്പിനെപ്പോലും തകര്‍ത്തു കൊണ്ട് മുന്നേറിയ തോമസ് ചാണ്ടിക്ക് ഒടുവില്‍ ഗത്യന്തരമില്ലാതെ രാജി വയ്‌ക്കേണ്ടി വന്നു. ഒന്നര വര്‍ഷത്തിനിടയില്‍ മൂന്ന് മന്ത്രിമാരാണ് പരിതാപകരമായ അവസ്ഥയില്‍ പിണറായി സര്‍ക്കാരില്‍ നിന്ന് തെറിച്ച് പോവുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറന്ന് ഇടതു മുന്നണി അക്ഷരാര്‍ത്ഥത്തില്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തോമസ് ചാണ്ടിമാര്‍ക്കും, ജോയ്‌സ് ജോര്‍്ജ്ജുമാര്‍ക്കും  വേണ്ടി മാത്രമുള്ള ഭരണമാണിപ്പോള്‍ നടക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി ഭരണം അദാനിമാര്‍ക്കും, അംബാനിമാര്‍ക്കും, അമിത്ഷായുടെ മകനെപ്പോലെയുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണെന്ന സത്യവും ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു.  തങ്ങളെ വേണ്ടാത്ത ഭരണകൂടങ്ങളെ തങ്ങള്‍ക്കും വേണ്ടായെന്ന ദൃഢനിശ്ചയത്തിലാണ് ജനങ്ങള്‍. കേന്ദ്രത്തില്‍ യു.പി.എയും, കേരളത്തില്‍ യു.ഡി.എഫുമാണ് തങ്ങളുടെ  ആഗ്രഹാഭിലാഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പടയൊരുക്കത്തിന്  ഓരോ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ത്രസിപ്പിക്കുന്ന  സ്വീകരണങ്ങള്‍ വെളിവാക്കുന്നതും ജനങ്ങളുടെ  ഈ നിലപാടാണ്. കെ.എസ്.യു അധ്യക്ഷനെന്ന നിലയില്‍ തുടങ്ങി കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ വരെ എത്രയോ ജാഥകള്‍ക്കും മാര്‍ച്ചുകള്‍ക്കും ഞാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ  ഒരു പ്രതിഷേധ കൊടുങ്കാറ്റായി ഒരു ജാഥ മാറുന്നത് ഞാന്‍ ആദ്യമായി അനുഭവിക്കുന്നത് ഈ  പടയൊരുക്കത്തിലാണ്. നവംബര്‍ ഒന്നിന് കാസര്‍കോട്ടെ ഉപ്പളയില്‍ കോണ്‍ഗ്രസിന്റെ ആരാദ്ധ്യനായ  നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണി ഉദ്ഘാടനം ചെയ്തതു മുതല്‍ ഇത് വരെ ഓരോ സ്വീകരണ സ്ഥലത്തും ജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഉണ്ടാവുന്നത്. സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലിയാണ് എല്ലായിടത്തും. സോളാര്‍ റിപ്പോര്‍ട്ടിന്റെ മറപിടിച്ച്  കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും സമുന്നത നേതാക്കളെ തേജോവധം ചെയ്ത് യു.ഡി.എഫിനെ തളര്‍ത്താമെന്ന പിണറായി സര്‍ക്കാരിന്റെ വ്യാമോഹത്തെ ജനങ്ങള്‍ പുച്ഛിച്ചു തള്ളി എന്നാണ് പടയൊരുക്കം യാത്രയിലെ ജനമുന്നേറ്റം കാണിക്കുന്നത്.

കോഴിക്കോട് കടപ്പുറത്ത് നടന്ന പടയൊരുക്കത്തിന്റെ വടക്കന്‍ മേഖല റാലി ചരിത്രത്തിലാണ് ഇടംപിടിച്ചത്. സത്യത്തില്‍ പടയൊരുക്കം ആരംഭിച്ചതിന് ശേഷം ഒട്ടുമിക്ക സമ്മേളന വേദിയിലേക്കും ഞാന്‍ നടന്ന് കയറിയിട്ടില്ല.  യു.ഡി.എഫ്  പ്രവര്‍ത്തകര്‍ അതിന് അനുവദിക്കാറില്ല. സ്‌നേഹം കൊണ്ട് എന്നെ വീര്‍പ്പമുട്ടിക്കുന്ന  ഐക്യ ജനാധിപത്യമുന്നണിയുടെ പ്രിയപ്പെട്ടപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണ് ഈ പടയൊരുക്കത്തിന്റെ വിജയം.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ബിടീമായാണ് കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത്. മോദി എന്താഗ്രഹിക്കുന്നോ അത് പ്രാവര്‍ത്തികമാക്കുകയാണ്  പിണറായി ചെയ്യുന്നത്. അണികളെ രക്തസാക്ഷികളും ബലിദാനികളുമാക്കിക്കൊണ്ട് പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് ഈ രണ്ടു പാര്‍ട്ടികളും. ഈ രണ്ടു പാര്‍ട്ടികളുടെയും ദുര്‍ഭരണത്തിനെതിരെ പ്രതിഷേധത്തിന്റ ഒരു കോടി ഒപ്പുകള്‍ എന്ന സിഗ്‌നേച്ചര്‍ കാമ്പയിന്‍  ഇന്ത്യയില്‍  തന്നെ ഇതിനകം  വലിയ ജനകീയ ശ്രദ്ധനേടിക്കഴിഞ്ഞു.  ഡിസംബര്‍ 1ന് പടയൊരുക്കം തിരുവനന്തപുരത്ത് ശംഖുമുഖത്ത് സമാപിക്കുമ്പോള്‍ കേന്ദ്രത്തിലെ  ബി.ജെ.പി സര്‍ക്കാരിനും കേരളത്തിലെ ഇടതു സര്‍ക്കാരിനും എതിരെയുള്ളു ജനകീയ പ്രതിഷേധത്തിന്റെ  ആരവം ദിക്കുകള്‍ ഭേദിച്ചു കൊണ്ട് ഇന്ത്യയാകെ മുഴങ്ങും. അത്  ഒരു പുതിയ തുടക്കമാവുകയും ചെയ്യും.