ന്യൂഡല്‍ഹി:പട്ടിണി കിടന്ന് ഒരു കുടുംബത്തിലെ സഹോദരങ്ങളായ മൂന്നുപെണ്‍കുട്ടികള്‍ മരിച്ചു.ഭരിക്കുന്നവര്‍ വാഴുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം നടന്നതെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്.ജൂലായ് 23നാണ് സംഭവം നടന്നത്.
കിഴക്കന്‍ ഡെല്‍ഹിയിലെ മണ്ഡേവാലിയില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടും നാലും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്.കുട്ടികളുടെ അമ്മയാണ് ഇവരെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ കൊണ്ടുവന്നത്.എന്നാല്‍ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു.പട്ടിണിമൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
പശ്ചിമബംഗാളില്‍നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറി പാര്‍ത്ത ദമ്പതികളുടെ മക്കളാണിവര്‍.എട്ടുദിവസമായി കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല.കുട്ടികളുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശമുണ്ടായിരുന്നില്ലെന്നും വയര്‍ പൂര്‍ണമായും ശൂന്യമായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ അമ്മയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു.കുട്ടികള്‍ എങ്ങനെയാണ് മരിച്ചതെന്ന പോലീസിന്റെ ചോദ്യത്തിന് ‘എനിക്ക് ഭക്ഷണം തരൂ’എന്നാണ് അമ്മ പറഞ്ഞത്.വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ മരുന്നുകുപ്പികളും അതിസാരത്തിനുള്ള ഗുളികകളുമാണ് കണ്ടെത്തിയത്.രണ്ടു കുട്ടികള്‍ക്ക് ഛര്‍ദിയും അതിസാരവും ബാധിച്ചിരുന്നതായും പറയുന്നു.
കുട്ടികളുടെ അമ്മ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാളാണ്.റിക്ഷാ വലിക്കാരനായ അച്ഛന്‍ വാടകയ്ക്ക് എടുത്ത റിക്ഷ അടുത്തിടെ മോഷണം പോയതിനെത്തുടര്‍ന്ന് ജോലി അന്വേഷിച്ച് പോയിരിക്കുകയായിരുന്നു.കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.