കൊച്ചി:പതിനേഴുകാരി പെണ്‍കുട്ടി തന്റെ മുറിയില്‍ രാത്രി രക്ഷതേടിയെത്തിയെന്ന വെളിപ്പെടുത്തല്‍ ലൈംഗീകപീഡനം ഉദ്ദേശിച്ചായിരുന്നില്ലെന്ന് നടി രേവതി.അര്‍ധരാത്രി തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെ തുടര്‍ന്ന് ഭയപ്പെട്ടാണ് പെണ്‍കുട്ടി തന്നെ വിളിച്ചത്.അല്ലാതെ ലൈംഗീക പീഡനം നടന്നിട്ടില്ല.സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പത്രക്കുറിപ്പില്‍ പറഞ്ഞു.
ഡബ്ല്യുസിസി ശനിയാഴ്ച കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം രേവതി വെളിപ്പെടുത്തിയത്.ഇതേത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി ലഭിച്ചിരുന്നു.പീഡനം മറച്ചുവച്ചതിന് രേവതിക്കെതിരേ കേസെടുക്കണമെന്നും പരാതി ലഭിച്ചു.ഇതേ തുടര്‍ന്നാണ് രേവതി വിശദീകരണം നല്‍കിയത്.