നടക്കാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും ആരാകും കോൺഗ്രസ് സ്ഥാനാർഥി ? നിലവിലെ എം പി ആന്റോ ആന്റണി ആകുമോ അതോ പി ജെ കുര്യനോ ?
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ലോക് സഭാ സീറ്റിൽ ബി ജെ പി പ്രതീക്ഷ വാനോളമാണ് .ക്ഷേത്ര ആചാരങ്ങളിൽ സർക്കാർ ഇടപെട്ടപ്പോൾ കർമ്മസമിതിയുടെ നേതൃത്വത്തിൽ വ്യാപകമായ ജനപങ്കാളിത്തം ഉണ്ടായതാണ് സംഘപരിവാർ പ്രതീക്ഷകൾക്ക് അടിസ്ഥാനം.ക്രമമായി ബി ജെ പി വോട്ടുകൾ പത്തനംതിട്ടയിൽ വർദ്ധിക്കുന്നുണ്ട്, അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കുറയുന്നുമുണ്ട്. സമരത്തിലൂടെ ആളുകളെ സംഘടിപ്പിച്ചു വോട്ടുവർദ്ധിപ്പിക്കുക എന്ന തന്ത്രമാണ് ബി ജെ പി നടപ്പിലാക്കി വരുന്നത് .ആറന്മുള വിമാനത്താവള സമരത്തിൽ നിന്നും ശബരിമല ആചാര സംരക്ഷണത്തിലേക്കെത്തുമ്പോൾ ബി ജെ പിയുടെ അടിസ്ഥാന വോട്ടുകളിൽ വൻവർദ്ധനവ് പാർട്ടി പ്രതീക്ഷിക്കുന്നു .എം ടി രമേശ് ,സുരേഷ്ഗോപി ,അൽഫോൻസ് കണ്ണന്താനം എന്നിവരിൽ ഒരാളാകും ബി ജെ പി സ്ഥാനാർഥി .
പത്തനംതിട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക വിവാദത്തിൽ പെട്ടിരിക്കുകയാണ് ,നിലവിലെ എം പിയായ ആന്റോ ആന്റണിയെ ഒഴിവാക്കിയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പട്ടിക കെ പി സി സിക്കു സമർപ്പിച്ചത് .യു ഡി എഫിന്റെ ഉറച്ച സീറ്റ് ആയി കരുതപ്പെടുന്ന പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ സാധ്യതകൾ തല്ലിക്കെടുത്തുന്നതാണ് പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ . ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് താല്പര്യമില്ലാതെ ആന്റോയെ സ്ഥാനാർത്ഥിയാക്കിയാൽ എന്താകും ഫലം എന്നതിൽ കെ പി സി സി ക്ക് ആശങ്കയുണ്ട് .പി ജെ കുര്യനെ സ്ഥാനാർത്ഥിയാക്കാൻ ആണ് ജില്ലാ കോൺഗ്രസിന്റെ ആഗ്രഹം .രാജ്യസഭയിൽ വീണ്ടും എത്താനുള്ള കുര്യന്റെ ശ്രമം കോൺഗ്രസിലെ ചില നേതാക്കൾ മുടക്കി .രാജ്യസഭാ സീറ്റ് സ്വപ്നത്തിൽ പോലും കിട്ടില്ല എന്ന് കരുതിയിരുന്ന മാണി കോൺഗ്രസിന് ചുളുവിൽ കാര്യം നടന്നു കിട്ടി .ഒഴിവാക്കപ്പെട്ട അന്ന് മുതൽക്കേ പി ജെ കുര്യൻ വളരെ ശ്രദ്ധയോടെ മണ്ഡലത്തിൽ സജീവമാണ് .എൻ എസ് എസ് നേതൃത്വവുമായി ഉള്ള നല്ല ബന്ധവും കുര്യന് മണ്ഡലത്തിൽ ഗുണം ചെയ്യും .ആന്റോ ആന്റണിയ്ക്കാകട്ടെ പത്തനംതിട്ടയിൽ നിന്നും മാറിയാലും മത്സരിക്കാൻ നിരവധി മണ്ഡലങ്ങൾ നിലവിൽ ഉണ്ട് .കോട്ടയത്തോ ഇടുക്കിയിലോ ആന്റോയെ പരിഗണിച്ചു പ്രശ്നം കോൺഗ്രസിന് തീർക്കാവുന്നതെ ഉള്ളു. പത്തനംതിട്ടയ്ക്ക് ഇക്കുറി ബി ജെ പി ഭീഷണിയെ നേരിടാൻ പി ജെ കുര്യനാണ് നല്ലത്.
ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ചെയർമാൻ ഫ്രാൻസിസ് ജോർജ് ആയിരിക്കും മിക്കവാറും എൽ ഡി എഫ് സ്ഥാനാർഥി .ശബരിമല വിഷയത്തിൽ എൽ ഡി എഫിന്റെ നിലപാടിനോട് ഇടഞ്ഞു നിൽക്കുന്ന എൻ എസ് എസ്സിന്റെ നിലപാട് തന്നെയാണ് ഇടതു പക്ഷം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം .നിലവിലെ സാഹചര്യങ്ങളിൽ പത്തനംതിട്ടയിൽ യു ഡി എഫും എൽ ഡി എഫും തമ്മിൽ തന്നെയാകും പ്രധാനമത്സരം . പ്രളയവും ,ശബരിമല വിവാദവും യു ഡി എഫിന് സാഹചര്യങ്ങൾ ആനുകൂലമാക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു .