ദില്ലി:വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐഎസ് ഭീകരരെ എന്‍ഐഎ. അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശിലുമായി ഡല്‍ഹിയിലുമായി 17 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.ഇന്ത്യയിലെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ ഇവര്‍ ബോംബ് സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറഞ്ഞു.കൂടാതെ രാഷ്ട്രീയ നേതാക്കളേയും ഇവര്‍ ലക്ഷ്യംവെച്ചിരുന്നതായും ചാവേര്‍ ആക്രമണമടക്കം പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ തലവന്‍ അശോക് മിത്തല്‍ പറഞ്ഞു.
ഡല്‍ഹിയിലെ സീലാംപൂരിലും ഉത്തര്‍പ്രദേശിലെ അംറോഹ, ഹാപൂര്‍,മീററ്റ്, ലഖ്‌നൌ എന്നിവടങ്ങളിലും എന്‍ഐഎ നടത്തിയ റെയ്ഡിലാണ് നാടന്‍ റോക്കറ്റ് ലോഞ്ചറുകള്‍,പിസ്റ്റളുകള്‍, ബോംബുണ്ടാക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തത്.കൂടാതെ 7.5 ലക്ഷം രൂപയും 100 മൊബൈല്‍ ഫോണുകളും 135 സിം കാര്‍ഡുകളും ലാപ്‌ടോപ്പുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.ഐഎസ് ഭീകരവാദ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തിക്കുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.