ന്യൂഡല്‍ഹി: എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ‘പത്മാവദി’ എന്ന ചരിത്ര സിനിമയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കും വധഭീഷണികള്‍ക്കും ഇടയിലാണ് ഉപരാഷ്ട്രപതി അഭിപ്രായവുമായെത്തിയ്ത്.

ഡല്‍ഹിയില്‍ ഒരു സാഹിത്യോല്‍സവത്തില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു അദ്ദേഹം. എന്നാല്‍ ‘പത്മാവതി’ ചിത്രത്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്. രാജ്യത്തെ നിയമവാഴ്ചയെ വിലകുറച്ചു കാണരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ചില പുതിയ സിനിമകള്‍ ഒരുവിഭാഗം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പരാതികളുണ്ടെന്നും ഇത്തരം പ്രതിഷേധങ്ങള്‍ക്കിടെ അതിരുവിട്ടു പെരുമാറുന്ന ചിലരാണ് അനാവശ്യ ഭീഷണികള്‍ മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പെരുമാറ്റങ്ങള്‍ ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ല. ജനാധിപത്യപരമായ രീതിയില്‍ നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. എതിര്‍പ്പ് ഉന്നയിക്കാം. അതിന് അധികാരികളെ സമീപിക്കുകയാണ് വേണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

 

ആരെയും ശാരീരികമായി ഉപദ്രവിക്കാനും ഭീഷണി മുഴക്കാനും ആര്‍ക്കും അധികാരമില്ല. കയ്യും കാലും വെട്ടുന്നവര്‍ക്കും കൊല്ലുന്നവര്‍ക്കും ഒരു കോടിയൊക്കെ പ്രതിഫലം പ്രഖ്യാപിക്കുന്നവരുടെ കയ്യില്‍ അത്രയും പണം കാണുമോയെന്നും അക്കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒരു കോടി രൂപയൊക്കെയാണ് പ്രഖ്യാപിക്കുന്നത്. അത്ര എളുപ്പമാണോ ഒരാള്‍ക്ക് ഒരു കോടി രൂപ ലഭിക്കാനെന്നും അദ്ദേഹം ചോദിച്ചു.