തിരുവനന്തപുരം:പമ്പാനദിയില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയരുന്നതിനാല്‍ അയ്യപ്പഭക്തര്‍ തല്‍ക്കാലം ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.പമ്പാ ത്രിവേണിയിലും മറ്റിടങ്ങളിലും വെള്ളം കയറി.പമ്പാനദിയ്ക്ക് കുറുകെയുള്ള പാലത്തിലും വെള്ളം കയറിയിരിക്കുകയാണ്. കക്കി,ആനത്തോട് കൊച്ചുപമ്പ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരിക്കുകയാണ്. ഇതാണ് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണം.

വെള്ളം കയറി പമ്പയിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായി.നടപ്പന്തല്‍ വെള്ളം കയറി.ശൗചാലയങ്ങളും വെള്ളം കയറി ഉപയോഗ ശൂന്യമായിരിക്കുകയാണ്.

നിറപുത്തരി ആചാരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നട തുറക്കുമെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയിലേക്കും ശബരിമലയിലേക്കും തീര്‍ഥാടകരെ കടത്തിവിടേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം.