തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് നല്‍കി. വാര്‍ത്താക്കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്.
ലൈംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്ന കര്‍ശനനിയമം കാറ്റില്‍ പറത്തിയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരുന്നു.കമ്മീഷന്റെ കണ്ടെത്തലുകളുമായി ഇറക്കിയ വാര്‍ത്താക്കുറിപ്പിനൊപ്പമാണ് ചിത്രവും നല്‍കിയത്.
വാര്‍ത്താക്കുറിപ്പില്‍ കന്യാസ്ത്രീകളുടെ സമരത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.ബിഷപ്പിനെതിരായി കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയെന്നതിന്റെ തെളിവായ സന്ദര്‍ശക രജിസ്റ്റര്‍ കന്യാസ്ത്രീകള്‍ തിരുത്തിയെന്നും രജിസ്റ്റര്‍ അന്വേഷിച്ചപ്പോള്‍ കന്യാസ്ത്രീകളുടെ പക്കലാണെന്ന് അറിയാന്‍ കഴിഞ്ഞെന്നുമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍.യുക്തിവാദികളുടെ പിന്‍തുണയോടു കൂടിയാണ് കന്യാസ്ത്രീകള്‍ സമരം നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.