ന്യൂഡല്‍ഹി: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം 2012-13 വര്‍ഷത്തില്‍ തമിഴ്നാട് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കേരളം നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനത്തിന് തമിഴ്നാട് 106 കോടി രൂപ കേരളത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനമായത്. വരള്‍ച്ചാ ബാധിത വര്‍ഷങ്ങളിലും കരാര്‍ പ്രകാരമുള്ള വെള്ളം നല്കാന് തമിഴ്നാടിന് ബാധ്യതയുണ്ടോ എന്നതും കോടതി പരിശോധിക്കും. ഇതുള്‍പ്പെടെ കേസിലെ പരിഗണനാ വിഷയങ്ങള്‍ സുപ്രീം കോടതി തയ്യാറാക്കി. മൂന്ന് മാസത്തിനകം കേസില്‍ തെളിവുകളും സാക്ഷികളെയും ഹാജരാക്കാന്‍ കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
കരാര്‍ ലംഘനത്തിന് തമിഴ്നാടിന് 50 കോടി രൂപ പിഴചുമത്തേണ്ടതുണ്ടോ? വെള്ളം ലഭിക്കാത്തതിനാല്‍ കേരളത്തില്‍ 56 കോടി രൂപയുടെ നാശനഷ്ടമുണ്ടായോ? 1970 ലെ കരാര്‍ പ്രകാരം ഷോളയാറില്‍ നിന്ന് 12.3 ടിഎംസിയും ആളിയാറില്‍ നിന്ന് നിന്ന് 7.25 ടിഎംസി യും എല്ലാവര്‍ഷവും നല്കാന് തമിഴ്നാടിന് ബാധ്യതയുണ്ടോ? വരള്‍ച്ചാ ബാധിത വര്‍ഷങ്ങളില്‍ കരാര്‍ പ്രകാരമുള്ള വെള്ളം നല്കുന്നതില് ഇളവുണ്ടോ? വെള്ളത്തിന്റെ ഒഴുക്കില്‍ കുറവുണ്ടാകുന്ന വര്‍ഷങ്ങളിലും അത് സംസ്ഥാനങ്ങള്‍ തുല്യമായി പങ്കിടണമോ? എന്നിവയാണ് വിശദമായി പരിശോധിക്കാന്‍ പോകുന്ന പത്തോളം വിഷയങ്ങളില്‍ പ്രധാനപ്പെട്ടവ.
സംസ്ഥാനകള്‍ക്ക് തെളിവുകളും സാക്ഷികളെയും ഹാജരാക്കാന്‍ മൂന്ന് മാസത്തെ സാവകാശം സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. അതിനു ശേഷം കേരളത്തിന്റെ ഹര്‍ജിയില്‍ മാര്‍ച്ച് മാസത്തില്‍ അന്തിമ വാദം നടക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.