ഹെല്‍ ഈസ് ഹിയര്‍… കാലിന് തീപിടിച്ച് ഓടുന്ന അമ്മ ആനയും ശരീരത്തിന്റെ പകുതിയും തീപിടിച്ച് അലറി വിളിച്ചു കൊണ്ട് അമ്മയ്ക്ക് പിന്നാലെ പായുന്ന കുട്ടിയാനയുടെയും ഈ ചിത്രം കാണുമ്പോള്‍ മനസ്സാക്ഷിയുള്ള ആരും പറഞ്ഞു പോകും, എന്തോരു നരകമാണിതെന്ന്.

സാങ്ച്വറി നേച്ചര്‍ ഫൗണ്ടേഷന്‍ എന്ന സംഘടന അവരുടെ ഫെയ്‌സ്ബുക്ക് പേജായ സാങ്ച്വറി ഏഷ്യയിലൂടെ ഹെല്‍ ഈസ് ഹിയര്‍ എന്ന അടിക്കുറിപ്പില്‍ പങ്കുവച്ചതാണ് ഈ ചിത്രം. സാങ്ച്വറി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ ഈ ചിത്രം പകര്‍ത്തിയത് ബിപ്‌ലാബ് ഹസ്ര എന്ന ഫോട്ടോഗ്രാഫറാണ്.

പശ്ചിമ ബംഗാളിലെ ബന്‍കുര ജില്ലയില്‍ നിന്നും പകര്‍ത്തിയ ഈ കാഴ്ച്ച ഇവിടുത്തെ നാട്ടുകാരുടെ സ്ഥിരം ക്രൂരവിനോദമാണ്. പടക്കം പൊട്ടിച്ച് എറിഞ്ഞ് അട്ടഹസിച്ചോടുന്ന മനുഷ്യരും ബിപ്‌ലാബ് ഹസ്രയുടെ ചിത്രത്തില്‍ തന്നെയുണ്ട്. അസം, ഒഡീഷ, ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ആനകളോടുള്ള ഈ ക്രൂരത നിലനില്‍ക്കുന്നുണ്ടെന്ന് ഫോട്ടോയ്ക്ക് വിശദീകരണത്തിനൊപ്പം സാങ്ച്വറി ഏഷ്യ കുറിച്ചിട്ടുണ്ട്.