കെയ്റോ: ഈജിപ്തിലെ വടക്കന്‍ സിനായി മുനമ്പില്‍ മുസ്ലിം പള്ളിക്കുനേരേ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കനത്തതിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി. ബിര്‍അല്‍ അബേദിലെ പള്ളിയിലുണ്ടായ വെടിവെയ്പിലും സ്ഫോടനത്തിലുമായി 235 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിച്ച പ്രസിഡന്റ് ശക്തമായ ഭാഷയിലാണ് ഭീകരവാദത്തിനെതിരെ പ്രതികരിച്ചത്. ”ഇത് തികച്ചും ഭീരുത്വമാണ്. ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യത്തെയും ഞങ്ങളുടെ ശക്തിയെയും ചോദ്യംചെയ്യരുത്. എന്തുതന്നെയായാലും ഇതിലൂടെ ഞങ്ങളെ തളര്‍ത്താന്‍ കഴിയില്ല. പകരം തീവ്രവാദത്തിനെതിരെ പോരാടാന്‍ കൂടുതല്‍ ശക്തിപകരുന്നതാണിത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഈജിപ്ത് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ ആയുധധാരികള്‍ ബോംബ് എറിയുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. നാല് വാഹനങ്ങളിലായി നാല്‍പ്പതോളം ഭീകരര്‍ അക്രത്തില്‍ പങ്കാളികളായെന്നാണ് വിവരം.
സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെങ്കിലും ഐഎസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ വിവിധ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
