തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പഴശ്ശി കോവിലകവും അനുബന്ധ സ്ഥലവും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂര്‍ നഗരസഭ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. യോഗത്തില്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, പഴശ്ശി രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.