കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ഒരുദിവസം വെട്ടിക്കുറച്ചു.തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി.ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരം ഇടപെടല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്.
മേയ് 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണമാണ് ഒരു ദിവസം വെട്ടിക്കുറച്ചത്. സംസ്ഥാനത്ത് തുടര്‍ച്ചയായി വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. 324-ാം വകുപ്പ് പ്രകാരമാണ് നടപടി.
തെരഞ്ഞെടുപ്പ് നടന്ന് ആറു ഘട്ടങ്ങളിലും ബംഗാളില്‍ വലിയ രീതിയില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.ഇന്നലെ കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സാമൂഹ്യപരിഷ്‌കര്‍ത്താവ് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു. അമിത് ഷായുടെ അണികള്‍ പ്രതിമ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.എന്നാല്‍ അമിത് ഷാ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിമ തകര്‍ത്തത് തൃണമൂല്‍ അണികളാണെന്ന് ആരോപിച്ചിരുന്നു.പ്രതിമ തകര്‍ത്തത് സഹതാപ തരംഗമുണ്ടാക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചെയ്തതാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.