പാരിസ്:ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ പൊലീസുമായി തെരുവില്‍ ഏറെ നേരം ഏറ്റുമുട്ടി.വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു.സംഘര്‍ഷങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് 288 പേര്‍ അറസ്റ്റിലായതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
മൂന്നാഴ്ച മുന്‍പാണ് ഇവിടെ ഇന്ധന വിലവര്‍ധനവിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം ആരംഭിച്ചത്.ജീവിതച്ചെലവും ഇന്ധന നികുതിയും കൂടിയ സാഹചര്യത്തിലാണു ജനങ്ങള്‍ തെരുവിലേക്കിറങ്ങിയത്.ദിവസങ്ങള്‍ കഴിയുന്തോറും പ്രതിഷേധം ശക്തിപ്രാപിക്കുകയും അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നു.
ആക്രമികള്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.