ദില്ലി:കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ ഫലം കാണുന്നു. പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി കെവി തോമസ്. കോണ്‍ഗ്രസ് തന്നെയാണ് തന്റെ പാര്‍ട്ടിയെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും കെവി തോമസ് പറഞ്ഞു.എറണാകുളം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്.ഹൈബി ഈഡന്‍ ജയിക്കും.പ്രചരണത്തില്‍ സജീവമാകുമെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്നും കെവി തോമസ് പറഞ്ഞു.
കെവി തോമസ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന അവസരം മുതലെടുത്ത് ബിജെപി പാളയത്തിലെത്തിക്കാന്‍ നേതാക്കള്‍ ശ്രമം തുടങ്ങിയിരുന്നു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ നേതൃത്വത്തിലാണ് നീക്കം നടത്തുന്നതെന്നും സൂചനയുണ്ടായിരുന്നു.എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാരനെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപിയുടെ മോഹം പൊലിഞ്ഞുവെന്നു പറയാം.
നേരത്തേ രമേശ് ചെന്നിത്തല കെവി തോമസിനെക്കണ്ടു സമവായശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.ഒരു നാടകവും തന്റെ മുന്നില്‍ കാണിക്കേണ്ടെന്ന് പറഞ്ഞ് ചെന്നിത്തലയോട് അദ്ദേഹം ക്ഷോഭിക്കുകയും ചെയ്തു.നാളെ കെവി തോമസ് സോണിയാഗാന്ധിയെക്കാണും.