കോട്ടയം: പാലായില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലാ കുരിശുപള്ളി കവലയില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. മണ്ഡലം ഉപവരണാധികാരിയായ ളാലം ബ്ലോക് ഓഫീസര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവനടക്കം ഇടതു നേതാക്കള്‍ മാണി സി കാപ്പനൊപ്പമുണ്ടായിരുന്നു.
എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ കെഎം മാണിയോട് കഴിഞ്ഞ തവണ 4703 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേരളകോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെേപ്പാലും തീരുമാനിക്കാനാവാതെ പ്രതിസന്ധിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിലെ ഭിന്നത എല്‍ഡിഎഫിനനുകൂലമായ വോട്ടാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.